‘സ്‌നേഹിത’യിലേക്ക് മാറ്റി; അമ്മയും 5 മക്കളും വയനാട്ടില്‍ തിരിച്ചെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് വീട് വിട്ടിറങ്ങിയ അമ്മയെയും 5 മക്കളെയും തിരിച്ച് വയനാട്ടില്‍ എത്തിച്ചു. യുവതി ബന്ധുവീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെ ഇവരെ കല്പറ്റ സ്‌നേഹിതയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഗുരുവായൂരില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു.

ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് കണ്ടെത്തിയതെന്നും ഇവരെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് വീട് വിട്ടിറങ്ങാന്‍ കാരണമെന്ന് വനിജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഭര്‍തൃസഹോദരിക്കൊപ്പം താമസിക്കാന്‍ ഇഷ്ടമല്ലെന്നും വനിജ പറഞ്ഞു. വനിജയെയും മക്കളെയും കണ്ടെത്തിയത് അന്നദാന മണ്ഡപത്തില്‍ വരിനില്‍ക്കുമ്പോഴായിരുന്നു.

സെപ്റ്റംബര്‍ 18 തിങ്കളാഴ്ചയാണ് കൂടോത്തുമ്മലിലെ വീട്ടില്‍ നിന്ന് അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയത്. എന്നാല്‍ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ ആരംഭിച്ചത്. ഫോണില്‍ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭര്‍ത്താവ് കമ്പളക്കാട് പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഫറോക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി (4) എന്നിവരാണ് ഉണ്ടായിരുന്നത്.

Top