mother-brutally-attack-child-KOCHI

കൊച്ചി : അമ്മയുടെ മര്‍ദ്ദനത്തില്‍ ദേഹമാസകലം ഗുരുതര പരുക്കുകളേറ്റ ഒന്‍പതു വയസുകാരനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിമാലി സ്വദേശിയായ കുട്ടിയെ അമ്മ വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിക്ക് കുരങ്ങന്റെ ആക്രമണത്തില്‍ പരുക്കേല്‍ക്കുകയായിരുന്നു എന്നാണ് അമ്മയുടെ വിശദീകരണം.

കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചും തേങ്ങ കൊണ്ട് എറിഞ്ഞും അമ്മ പരുക്കേല്‍പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പത്ത് ദിവസമായി കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കഞ്ചാവ് കേസില്‍പ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജയിലിലാണ്. ഇയാള്‍ക്കു മാറി ധരിക്കുന്നതിനു വസ്ത്രമെടുക്കാനായി വീട്ടിലെത്തിയ സഹോദരിയാണ് കുട്ടിയെ ദയനീയാവസ്ഥയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

അടിമാലിയില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കു വിദഗ്ധ ചികില്‍സയ്ക്കായി കുട്ടിയെ കൊണ്ടുപോകും വഴി അമ്മ പൊലീസിന്റെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് കുട്ടിയെയും കൊണ്ട് ഓട്ടോയില്‍ കൊച്ചിക്ക് തിരിച്ചു.

എന്നാല്‍ കൊച്ചിയിലെത്തിയപ്പോള്‍ കയ്യില്‍ പണമില്ലാത്തതിനിനാല്‍ ഇവര്‍ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അമ്മയെ കൊച്ചി ശാന്തിഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Top