അമ്മയ്ക്ക് രജിസ്ട്രേഷനില്ല; ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി ജി.എസ്.ടി. വകുപ്പ്

താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി ജി.എസ്.ടി. വകുപ്പ് രേഖപ്പെടുത്തി.

മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ ജി.എസ്.ടി. പരിധിയിലുൾപ്പെടും. എന്നാൽ, അമ്മ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജന്റ്സ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.
അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും വിദേശത്തുൾപ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നും ജി.എസ്.ടി. വകുപ്പ് അന്വേഷിക്കും.

അമ്മ സംഘടന ട്രസ്റ്റ് ആണെന്നും സംഭാവനയായാണ് പണം സ്വീകരിക്കുന്നതെന്നുമായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്. എന്നാൽ, ആറുമാസംമുമ്പ് ജി.എസ്.ടി. വകുപ്പ് നോട്ടീസ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജി.എസ്.ടി. രജിസ്ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതിയും അടച്ചതായുമാണ് റിപ്പോർട്ട്.

 

Top