ആന്തരികാവയവങ്ങള്‍ക്ക് പരുക്ക്; രണ്ടര വയസുകാരന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍ മാതാവ്

തിരുവനന്തപുരം:വര്‍ക്കലയിലെ രണ്ടര വയസ്സുകാരന്റെ ക്രൂര കൊലപാതകത്തിന് പിന്നില്‍ മാതാവ്. കുഞ്ഞിനെ നേരെ ആഴ്ചകള്‍ നീണ്ട ക്രൂരപീഡനത്തിനിരയാക്കിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വര്‍ക്കലയിലാണ് നാടിനെ നടുക്കിയ രണ്ടര വയസുകാരന്‍ ഏകലവ്യന്റെ കൊലപാതകം നടന്നത്. സംഭവത്തില്‍ മാതാവ് ഉത്തരയും കാമുകന്‍ അയന്തി സ്വദേശി രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം കുട്ടിയുടെ കുസൃതി കാരണം ഉപദ്രവിച്ചതാണെന്നും കമ്പ് കൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ തല്ലിയതെന്നുമായിരുന്നു മാതാവിന്റെ വിശദീകരണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കുട്ടി ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുന്നത്.

ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും പൊലീസ് സര്‍ജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.

വയറുവേദനയെന്ന് പറഞ്ഞ് ഇവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വര്‍ക്കല പുത്തന്‍ ചന്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചത്. അവിടെനിന്നും വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു് കുട്ടിമരിച്ചത്.

കുട്ടിയുടെ മരണത്തില്‍ പിതാവ് സംശയം പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു പോലീസ്. പിന്നീട് നടന്ന അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉത്തരയ്ക്ക് ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ഒഴിവാക്കാന്‍ കാമുകനുമായി ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

Top