രാജീവ് ഗാന്ധി വധക്കേസ്: തമിഴ്‌നാട് ഗവര്‍ണറുമായി പേരറിവാളന്റെ അമ്മ കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ മോചനം തേടി പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.

പ്രതികളായ പേരറിവാളന്‍ അടക്കമുള്ള ഏഴു പേരുടെയും മോചനകാര്യത്തില്‍ തീരുമാനം വേഗത്തിലാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച്ച. അതേസമയം, മോചനകാര്യത്തില്‍ നിയമപരമായ പരിശോധകള്‍ക്കു ശേഷമേ തീരുമാനം കൈക്കൊള്ളാനാകുവെന്ന് ഗവര്‍ണര്‍ അറിയിച്ചതായാണ് വിവരം.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. നേരത്തെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, നളിനി എന്നിവരാണ് ജയില്‍ മോചനം കാത്ത് കഴിയുന്നത്.

Top