കൊച്ചി : മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത് ഒരമ്മ . കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. സമരം ചെയ്ത ശാന്തിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ സംസാരിച്ചു. ഇനി മുതൽ ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. വലിയ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഈ സമരരീതി സ്വീകരിച്ചത്.
മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. മുൻപിൽ മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡിൽ വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്ന ഒരു ബോർഡാണ് വീട്ടമ്മക്ക് സമീപമുണ്ടായിരുന്നത്. അതിൽ ബന്ധപ്പെടേണ്ട നമ്പറും രേഖപ്പെടുത്തിയിരുന്നു.
റോഡില്‍ സമരം ചെയ്ത വീട്ടമ്മയെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഫോണിൽ നേരിട്ട് സംസാരിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകി.
കുടുംബത്തിന്റെ താമസവുമായി ബന്ധപ്പെട്ട ചിലവുകൾ ലയൺസ് ക്ലബ് ഏറ്റെടുക്കാമെന്ന് അറിയിച്ചതായി മുളവുകാട് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ രാജ് പറഞ്ഞു. മലപ്പുറം സ്വദേശികളാണെങ്കിലും വർഷങ്ങളായി അമ്മ ശാന്തിയും മക്കളും എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.