ഇസ്ലാമാബാദ് : ഏഴ് വയസ്സുകാരിയായ തന്റെ മകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് പെൺകുട്ടിയുടെ അമ്മ.
പാക്കിസ്ഥാനിലാണ് കസൂര്‍ സ്വദേശിയായ ഇമ്രാന്‍ അലി എന്നയാൾ ഏഴ് വയസ്സുകാരിയായ സൈനാബ് അൻസാരിയെ കഴിഞ്ഞ മാസം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ഇയാൾക്ക് നാല് വധശിക്ഷ ശനിയാഴ്ച്ച വിധിച്ചിരുന്നു.
പഞ്ചാബ് നഗരത്തിലെ ഏഴ് കുട്ടികളെങ്കിലും ആക്രമിച്ച കേസിൽ ഇയാൾ കുറ്റാരോപണം നേരിടുകയാണ്. സൈനബിന്റെ മരണം ഉൾപ്പെടെ എട്ടു ആക്രമണൾ ഇയാൾ കോടതിയിൽ സമ്മതിച്ചു.
അതേസമയം തന്റെ മകളെ കൊലപ്പെടുത്തിയ ഇമ്രാന്‍ അലിയെ പരസ്യമായി വധശിക്ഷയ്ക്ക് വിധിക്കണമെന്ന് സൈനബിന്റെ അമ്മ നുസ്രത്ത് ബീബി ആവശ്യപ്പെട്ടു.
സൈനബിനെ പിടിച്ചത് എവിടെ നിന്നാണോ അവിടെ വെച്ചുതന്നെ അവനെ പരസ്യമായി തൂക്കിലേറ്റണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് കോടതി വിധിയ്ക്ക് കേട്ടതിന് ശേഷം നുസ്രത്ത് ബീബി മാധ്യമങ്ങളോട് പ്രതികരിച്ചു.
വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. ഇയാള്‍ക്കെതിരെ 32 ലക്ഷം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ലാഹോറിലെ കസൂരില്‍ ജനുവരി ഒമ്പതിനാണ് ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ജനുവരി അഞ്ചിന് കുട്ടിയെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പ്രതിയെ പിടികൂടാത്തത് പാക്കിസ്ഥാനില്‍ വലിയ പ്രതിഷേധത്തിനിടവെച്ചിരുന്നു. പിന്നീടാണ് പാകിസ്ഥാനില്‍ നിരവധി കുട്ടികളെ കൊന്ന പരമ്പര കൊലയാളിയായ ഇമ്രാന്‍ അലിയിലേക്ക് അന്വേഷണം ചെന്നെത്തിയത്.
പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളുമായി ഒത്തുപോകുന്നതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്.