പൊലീസ് പിടിച്ചു കൊണ്ടുപോയ കുട്ടിക്കുവേണ്ടി ഒരമ്മയുടെ സമരം !

തിരുവനന്തപുരം: കുട്ടിയെ ലഭിക്കാന്‍ പോര്‍മുഖം തുറന്ന അനുപമക്ക് എത്രയോ വര്‍ഷം മുന്‍പ് സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വന്തം കുട്ടിക്കു വേണ്ടി പ്രതിഷേധ കൊടി ഉയര്‍ത്തിയ ഒരമ്മയുണ്ട്. ബാലരാമപുരം സ്വദേശി ശകുന്തള. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ സമരം അവര്‍ ഇപ്പോഴും തുടരുകയാണ്. മാധ്യമം ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊലീസ് സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നും പിടിച്ചു കൊണ്ടുപോയ തന്റെ മകള്‍ക്ക് വേണ്ടിയാണ് ശകുന്തള ഇപ്പോഴും പോരാട്ടം നടത്തുന്നത്.

ബാലാവകാശം ഉയര്‍ത്തി ഒരു സുപ്രഭാതത്തില്‍ സമരപന്തലില്‍ നിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോയ മകള്‍ എവിടെയാണെന്ന് ഇന്ന് ശകുന്തളക്ക് അറിയില്ല. മകളെ അന്വേഷിച്ച് മുട്ടാത്ത വാതിലുകള്‍ ഇല്ല. കയറിയിറങ്ങാത്ത പൊലീസ് സ്‌റ്റേഷനുകളില്ല കാണാത്ത നേതാക്കന്മാര്‍ ഇല്ല. പക്ഷേ ഒമ്പത് വയസുകാരിയായ അമലുവിനെയും കാത്ത് ഈ അമ്മ ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്. ഒരു ഭ്രാന്തിയെപ്പോലെ…

പേമാരിയും പ്രളയവും പലതവണ വന്നിട്ടും സെക്രട്ടറിയേറ്റിന് മുന്നിലെ ഒരു ഫ്‌ലക്‌സിന് കീഴെ അമലുവിനെ കാത്ത് ഈ അമ്മ ഇരുന്നു. കോവിഡ് മഹാമാരിയുടെ തീവ്രതയില്‍ ലോകം വീടിനുള്ളില്‍ ആയപ്പോഴും മകളുടെ വരവും കാത്ത് ശകുന്തള ഒറ്റക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുന്നു. ലോക്ഡൗണില്‍ പൈപ്പ്‌  വെള്ളം കുടിച്ച് വിശപ്പ് കയറ്റി. രാത്രി തെരുവുനായകള്‍ക്കൊപ്പം ഉറങ്ങി.

സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി പൊലീസ് ഒത്താശയോടെ അയല്‍വാസി കൈയടക്കിയതോടെയാണ് പരാതിയുമായി ശകുന്തളയും സുകുമാരനും മകളുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നത്. ഭൂമി കൈയേറിയെന്ന് ആരോപിച്ച് പലതരത്തിലുള്ള ആക്രമണങ്ങളാണ് അയല്‍വാസിയില്‍ നിന്ന് നേരിടേണ്ടിവന്നത്. കിണറില്‍ വിഷം കലര്‍ത്തി, ഭര്‍ത്താവിനെ വീട്ടില്‍ കയറി വെട്ടിയതിന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ജീവന് ഭീഷണിയായതോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് പരാതി പറയാന്‍ ശ്രമിച്ചെങ്കിലും സെക്രട്ടറിയേറ്റിലെത്തിയപ്പോള്‍ കടത്തിവിട്ടില്ല. പലതവണ ശ്രമിച്ചെങ്കിലും പാസ് പോലും നല്‍കിയില്ല. ഇതോടെയാണ് 2014 മുതല്‍ ഇവര്‍ മകളുമായി സമരം ആരംഭിച്ചത്. 2015 വരെ ഇവര്‍ക്കൊപ്പം അമലുവും സമരപന്തലിലുണ്ടായിരുന്നു. വിദ്യാഭ്യാസവും ബാല്യവും നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് 2015ല്‍ അമലുവിനെ ശകുന്തളയുടെ മടിത്തട്ടില്‍ നിന്ന് പൊലീസ് പിടിച്ചു കൊണ്ടു പോകുന്നത്.

എന്നാല്‍ അച്ഛന്‍ സുകുമാരനെ വീട്ടില് കയറി വെട്ടിയതിന്റെ ഏക സാക്ഷികൂടിയായ അമലുവിനെ പൊലീസ് കൊണ്ടുപോയത് അന്ന് കേസെടുക്കാതെ പ്രതികളെ രക്ഷിച്ച അതേ പൊലീസുകാരനാണെന്ന് ശകുന്തള പറയുന്നു. തുടര്‍ന്ന് സുകുമാരനും ശകുന്തളയും മകള്‍ക്കായി കന്‍േറാണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ കയറിയെങ്കിലും ശിശുക്ഷേമ സമിതിയിലുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ കുട്ടി സമിതിയില്ലെന്നാണ് അധികൃതര്‍ നല്‍കിയത്. ഇതോടെ മകളെ തേടിയുള്ള ഓട്ടത്തിലായി ഇരുവരും. ഈ അന്വേഷണത്തിനിടയിലാണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന സുകുമാരന്‍ വാഹനമിടിച്ച് മരിച്ചത്. ഇത് കൊലപാതകമാണെന്ന് ശകുന്തള ആരോപിക്കുന്നു.

സംഭവത്തില്‍ നാളിതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രതികളെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഭര്‍ത്താവും മകളും നഷ്ടപ്പെട്ടതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒറ്റക്കാണ് സമരം. ആദ്യകാലങ്ങളില്‍ മുത്തുകള്‍ കോര്‍ത്ത് മാല തുന്നി കിട്ടുന്ന പണം കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്. വെയിലും മഴയും പട്ടിണിയും ശരീരത്തെ തളര്‍ത്തിയതോടെ ഇതിനും കഴിയാതെയായി.

വര്‍ഷങ്ങളായി ഏല്‍ക്കുന്ന മഴയിലും വെയിലും അവശയായ ഇവര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ അലയുകയാണ്. ആരും സഹായിക്കാനില്ലാത്ത ഭ്രാന്തമായ വാക്കുകളില്‍ നീതിനിഷേധത്തിന്റെ പ്രതിഷേധം ആളി കത്തുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല. എങ്കിലും എന്നെങ്കിലും മകള്‍ തന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ ഈ അമ്മ അമലുവിനെയും കാത്തിരിക്കുകയാണ്.

Top