Moto Guzzi V9 Bobber and Roamer bookings commenced in India

റോം: പുതിയ മോഡല്‍ അവതരണങ്ങള്‍ വഴി ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ഇറ്റലിയില്‍ നിന്നുള്ള പിയാജിയൊ ഗ്രൂപ് ഒരുങ്ങുന്നു. ഗ്രൂപ്പില്‍പെട്ട വെസ്പ, ഏപ്രിലിയ, മോട്ടോ ഗുചി ബ്രാന്‍ഡുകളിലെല്ലാം പുതിയ മോഡലുകള്‍ അവരിപ്പിക്കാനാണു പിയാജിയൊയുടെ പദ്ധതി.

ബൈക്കിന്റെ സവിശേഷതകളുള്ള സ്‌കൂട്ടര്‍ എന്ന വിശേഷണം പേറുന്ന ‘എസ് ആര്‍ 150’ ആണ് ഏപ്രിലിയ ശ്രേണിയില്‍ ഇന്ത്യന്‍ അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. മോട്ടോ ഗൂചിയിലാവട്ടെ ‘റോമറും’ ‘ബോബറു’മാണ് ഇന്ത്യയില്‍ പ്രവേശിക്കുക.

അത്യാഡംബര വിഭാഗം ലക്ഷ്യമിട്ട് ജോര്‍ജിയൊ അര്‍മാനി കലക്ഷനിലെ ‘വെസ്പ 946’, ‘വെസ്പ 300 ജി ടി എസ്’ സ്‌കൂട്ടര്‍ എന്നിവയാണു വെസ്പയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത്. കൂടാതെ പിയാജിയൊ ശ്രേണിയില്‍ ‘മെഡ്‌ലി 150’, ‘ലിബര്‍ട്ടി 125’ എന്നിവയും ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചേക്കും.

പിയാജിയൊ ബ്രാന്‍ഡുകളില്‍ നിന്നുള്ള സ്‌കൂട്ടറുകളെക്കുറിച്ചും ബൈക്കുകളെക്കുറിച്ചും മെച്ചപ്പെട്ട അവബോധം സൃഷ്ടിക്കാനായി കമ്പനി രാജ്യത്തെ രണ്ടാമത്തെ മോട്ടോപ്ലക്‌സ് ഹൈദരബാദില്‍ തുറന്നു. 2015 നവംബറില്‍ പുണെയില്‍ ഇന്ത്യയിലെ ആദ്യ മോട്ടോപ്ലക്‌സ് ആരംഭിച്ച കമ്പനി ദക്ഷിണേന്ത്യയിലെ ആദ്യ ഷോറൂമാണ് ഹൈദരബാദില്‍ തുറന്നത്.

വിവിധ ബ്രാന്‍ഡുകളുടെ ദീര്‍ഘകാല ചരിത്രമാണ് പിയാജിയൊ ഗ്രൂപ്പിന്റെ പുതുമയാര്‍ന്ന കാഴ്ചപ്പാട് പ്രതിഫലിക്കുന്ന മോട്ടോപ്ലക്‌സില്‍ അനാവരണം ചെയ്യപ്പെടുന്നതെന്ന് പിയാജിയൊ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റെഫാനൊ പെല്ലി അഭിപ്രായപ്പെട്ടു. ‘മെയ്ഡ് ഇന്‍ ഇറ്റലി’ എന്ന അഭിമാനം പേറുന്ന വെസ്പ, ഏപ്രിലിയ, മോട്ടോഗുചി ബ്രാന്‍ഡുകളുടെ വിസ്മയിപ്പിക്കുന്ന യാത്രയുടെ നേര്‍ക്കാഴ്ചയും മോട്ടോപ്ലക്‌സിലുണ്ട്.

മോട്ടോഗുചി ശ്രേണിക്കു പുറമെ അത്യാംഡബര വിഭാഗത്തില്‍പെടുന്ന ജോര്‍ജിയൊ അര്‍മാനി കലക്ഷനാണ് മോട്ടോപ്ലക്‌സിലെ പുതുമയെന്നും പെല്ലി അവകാശപ്പെട്ടു.

പിയാജിയൊ ഗ്രൂപ്പ് ബ്രാന്‍ഡുകളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്ന മോട്ടോപ്ലക്‌സ് മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ മിലാന്‍, ന്യൂയോര്‍ക്ക് സിറ്റി, ഷാങ്ഹായി, ബെയ്ജിങ് നഗരങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

Top