ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള ഈ മാസം ഒന്‍പതാം തിയതിയാണ് മോട്ടോ G30, മോട്ടോ G10 പവര്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതില്‍ ഏറ്റവും വിലക്കുറവുള്ള മോട്ടോ G10 പവറിന്റെ വില്പനയ്ക്ക് തുടക്കം. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് സ്‌പെസിഫിക്കേഷനില്‍ ലഭ്യമായ മോട്ടോ G10 പവറിന് 9,999 രൂപയാണ് വില. ഒറോറ ഗ്രേ, ബ്രീസ് ബ്ലൂ നിറങ്ങളില്‍ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.
സ്റ്റോക്ക് ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ G10 പവറിന് 60Hz റിഫ്രഷ് റേറ്റും 20:9 ആസ്‌പെക്ട് റേഷ്യോയുമുള്ള 6.5 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സല്‍) മാക്സ് വിഷന്‍ ഡിസ്പ്ലേയാണ്. 4 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 SoC പ്രോസസറാണ്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടോ G10 പവറില്‍. 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്കും ഡെപ്ത് സെന്‍സിംഗിനുമായി രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുമാണ് മറ്റുള്ളവ. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഒരുക്കിയിട്ടുണ്ട്.