ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴ ഈടാക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനല്ല പിഴ കൂട്ടിയതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന പിഴ ഈടാക്കണമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടെങ്കിലും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പിഴ വേണ്ടെന്ന തീരുമാനമെടുത്തതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഉയര്‍ന്ന പിഴ ഈടാക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത്.
അതേസമയം പിഴ തുക കുറക്കാനുള്ള നടപടികളുടെ ഭാഗമായി എല്ലാ നിയമവശങ്ങളും പരിശോധിച്ച് ഈ മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതുവരെ പുതുക്കിയ പിഴതുക ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.