ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി കൂടുതല്‍ പാടുപെടും. പരീക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
ഡ്രൈവിങ് പരീക്ഷയില്‍ ‘ എച്ച് ‘ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര അടിയായി കുറച്ചു.വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാകും.
ഇപ്പോള്‍ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ല. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്നു പരീക്ഷിക്കുന്ന പരീക്ഷയും ഉണ്ടാകും.