തുടര്‍ച്ചയായ നിയമ ലംഘനം;കഴക്കൂട്ടത്ത് സ്വകാര്യ ബസ് പിടിയില്‍

തിരുവന്തപുരം: ഏഴ് തവണ പിടികൂടി പിഴ ചുമത്തിയിട്ടും തുടര്‍ച്ചയായി നിയമം ലംഘിച്ച് സമാന്തര സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിയമം ലംഘിച്ച് ഓടിയതിനെത്തുടര്‍ന്ന് കഴക്കൂട്ടത്തുനിന്ന് കേയ്‌റോസ് എന്ന കമ്പനിയുടെ ബസാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം- കട്ടപ്പന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കൊപ്പമാണ് ഈ സ്വകാര്യ ബസും സര്‍വ്വീസ് നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം രാവിലെ കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം യാത്രക്കാരെ ഇറക്കുമ്പോഴാണ് കേയ്‌റോസിന്റെ ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. പരിശോധന നടത്തുമ്പോള്‍ ബസില്‍ 30യാത്രക്കാരാണ് ഉണ്ടായിരുന്നത്. പി.എം.ജി., പട്ടം, കോസ്‌മോ, സ്റ്റാച്യു, അരിസ്റ്റോ എന്നിവിടങ്ങളില്‍ ഇറങ്ങാന്‍ ബസില്‍ യാത്രക്കാരുണ്ടായിരുന്നു.ഇവരെല്ലാം പ്രത്യേകം ടിക്കറ്റ് നല്‍കി ബസില്‍ കയറിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്്. ബസ് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കു മാറ്റി.

തുടര്‍ച്ചയായി നിയമലംഘനം നടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാം. തുടര്‍ച്ചയായി നിയമലംഘനം നടത്തിയതിന് എസ്.ആര്‍.എസ്. കമ്പനിയുടെ ബസ് കോടതില്‍ ഹാജരാക്കിയിരുന്നു.ബസ് വിട്ടുകൊടുക്കാന്‍ കര്‍ശനവ്യവസ്ഥകളാണ് കോടതി ഏര്‍പ്പെടുത്തിയത്.

Top