മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഇന്ന് അവസാനിക്കും!

മോട്ടോര്‍വാഹന രേഖകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ ഒന്നരലക്ഷത്തോളം ലേണേഴ്‌സ് ലൈസന്‍സുകള്‍ വ്യാഴാഴ്ചയോടെ റദ്ദാകും. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റിന് ആറുമാസമാണ് കാലാവധി. പുതിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം വീണ്ടും ഫീസ് അടച്ച് പുതുക്കേണ്ടിവരും. കോവിഡ് വ്യാപനം കാരണം രണ്ടുവര്‍ഷമായി ലൈസന്‍സ് ടെസ്റ്റുകള്‍ കൃതമായി നടക്കുന്നില്ല.

30,000 സ്‌കൂള്‍ വാഹനങ്ങളുടെയും ഒരുലക്ഷത്തോളം പൊതുവാഹനങ്ങളുടെയും ഫിറ്റ്‌നസ്, പെര്‍മിറ്റുകളുടെ കാലാവധിയും 30-ന് തീരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ഇതിന്റെ പിഴകൂടി അടയ്ക്കണമെന്നത് വാഹന ഉടമകള്‍ക്ക് കനത്ത ആഘാതമാകും. കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

നവംബര്‍ മുതല്‍ നിരത്തില്‍ ഇറങ്ങേണ്ട സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഫിറ്റ്‌നസ് പിഴ അടയ്‌ക്കേണ്ടിവരും. പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ ബസുകള്‍ക്ക് 7500 രൂപയും വാനുകള്‍ക്ക് 4000 രൂപയും നല്‍കണം. ലോക്ഡൗണ്‍ കാരണം ഓഫീസുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു.

ഒരുമാസം 70,000 വാഹനങ്ങളാണ് ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത്. കോണ്‍ട്രാക്റ്റ്, സ്റ്റേജ് കാരേജ് വാഹനങ്ങളില്‍ ഭൂരിഭാഗവും ജി.ഫോമിലായതിനാല്‍ പിഴയില്‍നിന്ന് രക്ഷപ്പെടും. എന്നാല്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ ടെസ്റ്റ് മുങ്ങിയതിന് പിഴ ഒടുക്കേണ്ടിവരും.

രേഖകളുടെ കാലാവധി നീട്ടാനുള്ള അധികാരമില്ലെങ്കിലും പിഴയും ഫീസും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. കേന്ദ്ര നിയമപ്രകാരം ഫീസും പിഴയും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് കഴിയും.

 

Top