ഇന്ധനവില: വാഹനപണിമുടക്ക് പുരോഗമിക്കുന്നു, കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങില്ല

bus strike

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും ചേര്‍ന്ന നടത്തുന്ന മോട്ടോര്‍ വാഹനപണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു പണിമുടക്ക്. സമരത്തില്‍ പിന്തുണയറിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ കൂടി രംഗത്തു വന്നതോടെ സംസ്ഥാനത്തെ ഗതാഗതം പൂര്‍ണമായും തടസപ്പെടും.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

ഓട്ടോറിക്ഷാ, ടാക്‌സി, സ്വകാര്യബസ്, ലോറി , ടാങ്കര്‍ ലോറി സര്‍വ്വീസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറങ്ങില്ല. പാല്‍, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്നത്തെ പണിമുടക്ക് ഒഴിവാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, വ്യക്തമായ കാരണങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി ഉത്തരവിട്ടിട്ടുണ്ട്.

സമരം കാരണം കേരള, കാലിക്കറ്റ്, എം.ജി. സര്‍വകലാശാലകളില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍, പി.എസ്.സി. പരീക്ഷകള്‍ക്കു മാറ്റമില്ല.

Top