കൊച്ചി : പുതുക്കിയ പിഴത്തുകയുമായി വാഹന പരിശോധനകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ ബാച്ചുകളായാണു വാഹനപരിശോധനയ്ക്കായി നിരത്തിലിറങ്ങുക.
കൂടുതല്‍ പിഴ ചുമത്തിയിട്ടുള്ളത് മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും 18 വയസിനു താഴെയുള്ളവര്‍ക്കുമാണ്. ഇക്കൂട്ടര്‍ പതിനായിരം രൂപ പിഴ അടയ്ക്കണം. പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങള്‍ക്ക് 250 രൂപയാണ് പിഴ. ഹെല്‍മെറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും 500 രൂപ. വാഹനം ഓടിക്കുബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ, നിര്‍ദേശം പാലിക്കാതിരിക്കുകയോ, തെറ്റായ വിവരമോ, രേഖകളോ നല്‍കുകയോ ചെയ്താല്‍ 1000 രൂപ വരെ പിഴ ഈടാക്കും.
ചെറുവാഹനങ്ങള്‍ക്ക് അമിത വേഗതയ്ക്ക് 1500 രൂപ, മറ്റു വാഹനങ്ങള്‍ക്ക് 3000 രൂപ, മത്സര ഓട്ടത്തിന് 5000 രൂപ, റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, ശബ്ദം, വായു മലിനീകരണം എന്നിവയ്ക്ക് 2000 രൂപ, ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടര്‍ 1000 രൂപ, പെര്‍മിറ്റില്ലാതെ ഡ്രൈവിംഗ് 3000 രൂപ, കുറ്റം ആവര്‍ത്തിച്ചാല്‍ 7500 രൂപ, അമിതഭാരം കയറ്റല്‍ പരിധിക്കു മുകളില്‍ ടണ്ണിന് 1500 രൂപ വീതം പരമാവധി 10000 രൂപ, അമിതഭാരവുമായി നിര്‍ത്താതെ പോയാല്‍ 20000 രൂപ.
അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 100 രൂപ വീതം, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് വഴികൊടുക്കാതിരുന്നാല്‍ 5000 രൂപ. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ, ആവര്‍ത്തിച്ചാല്‍ 2000 രൂപ.