ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ്, മോട്ടോറോള ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് മോട്ടോ E40 അവതരിപ്പിച്ചു. 48-മെഗാപിക്സല്‍ പ്രധാന കാമറ, 5,000 എംഎഎച്ച് ബാറ്ററി, പുറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ആകര്‍ഷണമായ മോട്ടോ E40, 4 ജിബി റാമും 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വിപണിയിലെത്തിയിരിക്കുന്നത്.
9,499 രൂപയാണ് മോട്ടോ E40യുടെ വില. കാര്‍ബണ്‍ ഗ്രേ, പിങ്ക് ക്ലേ നിറങ്ങളില്‍ ലഭ്യമായ പുത്തന്‍ മോട്ടോറോള ഫോണിന്റെ വില്പന ഈ മാസം 17-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 11ലാണ് മോട്ടോ E40 പ്രവര്‍ത്തിക്കുന്നത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് മാക്‌സ് വിഷന്‍ HD+ (720×1,600 പിക്‌സല്‍) IPS ഡിസ്‌പ്ലേ പുത്തന്‍ മോട്ടോറോള ഹാന്‍ഡ്‌സെറ്റിന്. 4 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിസോക് ടി 700 ഒക്ടാകോര്‍ പ്രോസസറാണ് ഹാന്‍ഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 64 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം.
എഫ്/1.79 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ്/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടോ E40യില്‍. പോര്‍ട്രെയിറ്റ് മോഡ്, പനോരമ, ഫേസ് ബ്യൂട്ടി, എച്ച്ഡിആര്‍ നൈറ്റ് വിഷന്‍, മാക്രോ വിഷന്‍, പ്രോ മോഡ് എന്നീ ഫീച്ചറുകളെ ഈ കാമറ പിന്തുണയ്ക്കുന്നു.
5000 എംഎഎച്ച് ബാറ്ററിയാണ് ഹാന്‍ഡ്സെറ്റില്‍ ക്രമീകരിക്കുക. 40 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനുള്ള പവര്‍ ഈ ബാറ്ററി നല്‍കും എന്നാണ് മോട്ടോറോള പറയുന്നത്. 4ജി എല്‍ടിഇ, വൈ-ഫൈ 802.11 എ/ബി/ജി, ബ്ലൂടൂത്ത് v5.0, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.