ഒറ്റ പ്രസംഗം കൊണ്ട് ഒരു ജനതയെ തന്നെ പിടിച്ചു നിര്‍ത്തിയ മഹാ നേതാവാണ് മൗലാന അബുള്‍ കലാം ആസാദ്. സ്വാതന്ത്ര്യത്തിനു ശേഷം നമ്മള്‍ കാര്യമായി ഓര്‍ക്കാത്ത പേരുകളിലൊന്നു കൂടിയാണിത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മൗലാനയെയും നാം ഓര്‍ക്കേണ്ടതുണ്ട്. ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ മൌലാന അബുള്‍ കലാം ആസാദ് നടത്തിയ ഒറ്റ പ്രസംഗമാണ് വിഭജനകാലത്തെ വലിയ ഭിന്നതകള്‍ക്കിടയിലും പതിനായിരക്കണക്കിന് മുസ്ലിംങ്ങളെ ഇന്ത്യയില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. മൗലാന അബുള്‍ കലാം ആസാദിന്റെ ശബ്ദം ആ ജുമാ മസ്ജിദില്‍ മുഴങ്ങിയത് 1947 ഒക്ടോബറിലാണ്. അന്നാകട്ടെ ഇന്ത്യ രണ്ടായി നിന്ന കാലവുമായിരുന്നു. ഇന്ത്യന്‍ മുസ്ലിംങ്ങളോട് ഇന്ത്യയില്‍ ഉറച്ചു നില്‍ക്കാനാണ് മൗലാന അബുള്‍ കലാം ആസാദ് നിര്‍ദ്ദേശിച്ചിരുന്നത്. തന്റെ വാക്കുകള്‍ നേരത്തെ കേള്‍ക്കാതിരുന്നതിലുള്ള അതൃപ്തിയും അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി.വികാരഭരിതനായി മൗലാന നടത്തിയ പ്രസംഗം ഇങ്ങനെ ആയിരുന്നു.
‘എത്രയോ തവണ ജുമാ മസ്ജിദിലെ ആള്‍ക്കൂട്ടത്തോട് ഞാന്‍ ഇവിടെ നിന്നും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനു മുമ്പ് ഇത്രയും ഭയാശങ്ക നിങ്ങളുടെ മുഖത്ത് അപ്പോഴൊന്നും കണ്ടിട്ടില്ല. ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍, നിങ്ങള്‍ എന്റെ കാലുകളാണ് ഒടിച്ചു കളഞ്ഞത്. ഞാന്‍ പറഞ്ഞതിനൊന്നും നിങ്ങള്‍ ചെവി കൊടുത്തില്ല ആസാദിന്റെ ഈ വാക്കുകള്‍, പാകിസ്ഥാനിലേക്കുള്ള ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ഒഴുക്കിനെയാണ് പിടിച്ചു നിര്‍ത്തിയിരുന്നത്. തുടര്‍ന്ന്, മതേതര ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ അവരും തീരുമാനിക്കുകയാണ് ഉണ്ടായത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിര്‍ണ്ണയാക പങ്കാണ് മൗലാന അബ്ദുള്‍ കലാം ആസാദ് വഹിച്ചിരുന്നത്. രാജ്യത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ എന്നും ആസാദിന്റെ ശബ്ദം ശക്തമായി തന്നെ ഉയര്‍ന്നിട്ടുണ്ട്. 1940ല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴും ഈ രാജ്യത്തെ ആര്‍ക്കും മുറിക്കാന്‍ കഴിയില്ലെന്നാണ് മൗലാന അബുള്‍ കലാം ആസാദ് തുറന്നടിച്ചിരുന്നത്. സ്വതന്ത്ര മതേതര ഇന്ത്യയ്ക്ക് ആസാദിന്റെ ഈ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസവും ഏറെയാണ്.
മുപ്പത്തിയഞ്ചാമത്തെ വയസിലാണ് മൗലാന അബ്ദുള്‍ കലാം ആസാദ് ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായിരുന്നത്. ആസാദിനെ പിന്നീട് ആ കോണ്‍ഗ്രസ്സ് തന്നെ മറന്നതും ചരിത്രമാണ്.
ലോകം കണ്ട ഏറ്റവും വലിയ പലായനങ്ങളില്‍ ഒന്നിനാണ് പാകിസ്ഥാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട ദിനങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നത്. അപ്പോഴും, ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള മൂന്നാമത്തെ രാജ്യം ഇന്ത്യയായിരുന്നു എന്നതും നാം ഓര്‍ക്കണം. അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കിയാണ് മൗലാനാ അബ്ദുള്‍ കലാം ആസാദ് പ്രവര്‍ത്തിച്ചിരുന്നത്. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായ വേളയിലാണ് അദ്ദേഹം ഗാന്ധിയുമായി അടുത്തിടപഴകിയിരുന്നത്.
1912- ല്‍ മൗലാന ആരംഭിച്ച ഉര്‍ദു വാരിക ബ്രിട്ടീഷുകാരെയും മുസ്ലിം യാഥാസ്ഥിതികരെയും വലിയ രൂപത്തിലാണ് വിറളി പിടിപ്പിച്ചിരുന്നത്. തുടര്‍ന്ന് 1915-ല്‍ ഈ മാധ്യമം കണ്ടുകെട്ടുകയുണ്ടായി. എന്നാല്‍ അതു കൊണ്ടൊന്നും അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം വീണ്ടും മറ്റൊരു പേരില്‍ അദ്ദേഹം പത്രം തുടങ്ങി തന്റെ നിലപാടുകള്‍ പ്രചരിപ്പിച്ചു. ഇതോടെ, 1916-ല്‍ മൗലാന നാടു കടത്തപ്പെട്ടു. മൂന്നു വര്‍ഷക്കാലമാണ് റാഞ്ചിയില്‍ കരുതല്‍ തടവുകാരനായി കഴിഞ്ഞത്. അവിടെയും തന്റെ മഹത്തായ ദൗത്യ നിര്‍വഹണം അദ്ദേഹം തുടര്‍ന്നു. അബുല്‍ ഹസന്‍ അലി നദവി പറഞ്ഞതു പോലെ, അക്കാലത്ത് മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണത് കേവലം അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല. അഗ്‌നിസ്ഫുലിംഗങ്ങള്‍ തന്നെയായിരുന്നു .’
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനയുടെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായാണ് നിലവില്‍ ആചരിച്ചു വരുന്നത്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ ഈ നേതാവിന് ഭാരത രത്‌ന നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം ആഘോഷ വേളയില്‍, മൗലാന ആസാദിനെയും അദ്ദേഹത്തിന്റെ ജുമാ മസ്ജിദിലെ ആ വാക്കുകളെയും ഒരിക്കലും ഓര്‍ക്കാതിരിക്കാന്‍ കഴിയുകയില്ല. പുതിയ കാലത്തെ വെല്ലുവിളികള്‍ ബോധ്യപ്പെടുത്തുന്നതും അതു തന്നെയാണ്.
EXPRESS KERALA VIEW