പിഎഫ് പെൻഷൻ കണക്കാക്കുന്നതിനുള്ള ഉയർന്ന ശമ്പളപരിധി 15,000 രൂപയിൽനിന്ന് 21,000 രൂപയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. തൊഴിൽകോഡുകളെക്കുറിച്ചു കഴിഞ്ഞ ദിവസം തൊഴിലുടമകളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചതായാണു വിവരം. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകാനുള്ള കോടതി വിധിയെ എതിർക്കുന്ന സർക്കാർ, ഇത്തരം നീക്കങ്ങളിലൂടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ട്. ആദ്യം 6500 രൂപയായിരുന്ന ശമ്പളപരിധി 2014 ലാണു 15,000 രൂപയാക്കിയത്.
എത്ര ഉയർന്ന ശമ്പളമുള്ളവർക്കും ഈ പരിധി കണക്കാക്കി മാത്രം പെൻഷൻ നിശ്ചയിക്കുന്നതിലെ അനീതി തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്നു 2018 ൽ കേരള ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തു.
ഇതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജിയും തൊഴിൽ മന്ത്രാലയം നൽകിയ പ്രത്യേകാനുമതി ഹർജിയും സുപ്രീം കോടതി 29നു പരിഗണിക്കും. കഴിഞ്ഞയാഴ്ച ഹർജികൾ പരിഗണിച്ചപ്പോൾ 25ലേക്കു മാറ്റുന്നതായാണു പറഞ്ഞിരുന്നതെങ്കിലും ഉത്തരവിറങ്ങിയപ്പോൾ 29ലേക്കാണു മാറ്റിയിരിക്കുന്നത്. ആനുപാതിക പെൻഷനു പകരം ശമ്പളപരിധി പുതുക്കുകയാണു ചെയ്യുന്നതെങ്കിൽ പെൻഷനിലും അതിനനുസരിച്ചുള്ള വർധന മാത്രമാകും ഉണ്ടാകുക.