കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പറയുക.
യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമാണ് രണ്ടാം റാങ്ക്കാരനായ പ്രോഫ. ജോസഫ് സ്കറിയയുടെ ആവശ്യം. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിൻറെ നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എൻ.എസ്.എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് വിമർശിച്ചിരുന്നു. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം പ്രിയ വർഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നുമാണ് സർവ്വകലാശാല നിലപാട്.