തിരുവനന്തപുരം : ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാത്രമല്ല ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കാന്‍ ശ്രമം നടന്നതായി രേഖകള്‍ പുറത്ത്.
പ്രമുഖ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ടീം ലിസ്റ്റില്‍ പി യു ചിത്രയുടെ പേരുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട് കേരള അത്‌ലറ്റിക് അസോസിയേഷന്‍ ഇടപെട്ടപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തടിതപ്പിയ അധികൃതര്‍ അവസാനമാണ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഫെഡറേഷന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്കാണ് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത ലഭിക്കുന്നത്. ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം മലയാളി താരം പി യു ചിത്രയ്ക്കും മോണിക്ക ചൗധരിക്കുമായിരുന്നു.
എന്നാല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീം ലിസ്റ്റ് പുറത്തു വന്നപ്പോള്‍ രണ്ടാം സ്ഥാനം നേടിയ മോണിക്ക ചൗധരിയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.
പി യു ചിത്രയെ തഴഞ്ഞപ്പോള്‍ കേരള അത്‌ലറ്റിക്ക് അസോസിയേഷന്‍ ഉടന്‍ തന്നെ ഇടപെട്ടു. എന്നാല്‍ ക്ലറിക്കല്‍ പ്രശ്‌നമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്ന ആരോപണം നിലനില്‍ക്കെ, ഏഷ്യല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പോലും ചിത്രയെ ഒഴിവാക്കാന്‍ നീക്കമുണ്ടായിരുന്നുവെന്ന് തെളിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്ത കായിക താരങ്ങളുടെ ഭാവി ഇത്തരം വെല്ലുവിളികള്‍ നിറഞ്ഞതാകുമ്പോള്‍, കായിക മേഖലയിലെ ബന്ധപ്പെട്ടവരുടെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം ഇനിയും ഇതുപോലെ അനേകം പി യു ചിത്രമാര്‍ ഉണ്ടാകും.