ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയില്‍ കടുവ നിര്‍മാതക്കള്‍ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ ക്ഷമാപണവുമായി ചിത്രത്തിന്റെ സംവിധായകന് ഷാജി കൈലാസും നടന് പൃഥ്വിരാജും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ നിന്നുള്ള വിവാദ പരാമര്‍ശം മുഴുവനായി നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപക്കാനൊരുങ്ങുകയാണ് തിരക്കഥകൃത്ത് ജിനു.വി.അബ്രാഹവും ഷാജി കൈലാസും. ക്ഷമാപണം നടത്തിയെങ്കിലും വിവാദം അവസാനിക്കാതെ വന്നതോടെയാണ് പുതിയ നീക്കം.
രംഗം സിനിമയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യാനാണ് തീരുമാനം. രംഗങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണം. രംഗങ്ങള്‍ ഉടന്‍ നീക്കം ചെയ്ത് ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
കടുവയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്നു എന്ന് കാണിച്ച് പരിവാര്‍ കേരള ഭിന്നശേഷി സംഘടന ജനറല്‍ സെക്രട്ടറി ആര്.വിശ്വനാഥനാണ് പരാതി നല്‍കിയത്. ചിത്രത്തില്‍ ഭിന്നശേഷി കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമായിട്ടാണ് എന്ന അര്‍ഥത്തില്‍ നായകന്റെ സംഭാഷണശകലമുണ്ടെന്നും 2016-ല്‍ പുറത്തിറങ്ങിയ ഭിന്നശേഷി അവകാശ നിയമം 92-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.