വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം; പിന്നില്‍ കെഎസ്ഇബിയിലെ അഴിമതിയെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികള്‍ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവന്‍ ഭാരവും സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നിയമവിരുദ്ധമായ ഭൂമി കൈമാറ്റം മുഴുവന്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. സമഗ്രമായ അന്വേഷണം നടത്തണം. കെഎസ്ഇബിയ്ക്ക് കോടികള്‍ നഷ്ടമാവാനുള്ള സാഹചര്യം, നിയമവിരുദ്ധമായി ഈ ഭൂമി വിട്ടുകൊടുത്തത് ഇതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം നടത്തണം. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികള്‍ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവന്‍ ഭാരവും സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം.

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനിടയായ സാഹചര്യം വളരെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കെഎസ്ഇബി താഴ്ന്നുപോകുന്നത് കൊണ്ടാണ്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തില്‍ അവിടെ നടന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പിന്‍വലിക്കണം. ജനങ്ങളല്ല ഇതില്‍ പീഡിപ്പിക്കപ്പെടേണ്ടത്.”- വിഡി സതീശന്‍ പറഞ്ഞു.

 

 

Top