തിരുവനന്തപുരം: സംസ്ഥാനത്തെ 44 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. 44 ടൂറിസം കേന്ദ്രങ്ങളുടെ അതിരുകള്‍ കൃത്യമായി രേഖപ്പെടുത്തി വിജ്ഞാപനമിറക്കാന്‍ ടൂറിസം സെക്രട്ടറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ടൂറിസം വകുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമേ എക്‌സൈസ് വകുപ്പിന് മദ്യശാലകള്‍ക്ക് അനുമതി നല്‍കി വിജ്ഞാപനം ഇറക്കാന്‍ കഴിയൂ. കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി ഓരോ ജില്ലകളില്‍നിന്നും ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ത്രീസ്റ്റാര്‍ സൗകര്യമുള്ളവര്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും മാത്രമേ വിദേശമദ്യചട്ടമനുസരിച്ച് മദ്യശാലകള്‍ തുറക്കാന്‍ കഴിയൂ. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്നതിനും ത്രീസ്റ്റാര്‍ സൗകര്യം ആവശ്യമാണെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഈ ചട്ടങ്ങള്‍ക്ക് ഇളവുകളുണ്ട്. വിനോദസഞ്ചാര മേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളില്‍ ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങുന്നതിന് ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ ടൂറിസം മേഖലയായി വിജ്ഞാപനം ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും.