നീരവിനെയും മല്യയേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ നീക്കം; ഉന്നതതല സംയുക്ത സംഘം യുകെയിലേക്ക്

ഡല്‍ഹി: കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനായി സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം ഉടന്‍ തന്നെ യുകെയിലേക്കു പോകും.

ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി, വജ്ര വ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്യ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. യുകെയിലും മറ്റു രാജ്യങ്ങളിലും ഇവര്‍ക്കുള്ള സ്വത്ത് കണ്ടെത്തി കണ്ടുകെട്ടാനുള്ള നീക്കങ്ങളും സജീവമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം യുകെയിലേക്കു പോകുക. യുകെയില്‍ വിവിധ ഏജന്‍സികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.

മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ഉടമ്പടി (എംഎല്‍എടി) പ്രകാരം കുറച്ചു കാലമായി യുകെ അധികാരികളുമായി ലണ്ടനിലേക്കു പോകുന്ന സംഘം ചര്‍ച്ച നടത്തുന്നുണ്ട്. യുകെയും ഇന്ത്യയും എംഎല്‍എടിയില്‍ ഒപ്പുവച്ച രാജ്യങ്ങളാണ്. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ബാധ്യസ്ഥരാണ്. എംഎല്‍എടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോഡല്‍ മന്ത്രാലയമെങ്കിലും, ഈ കേസുമായി ബന്ധപ്പെട്ടുള്ള യുകെയുമായുള്ള നയതന്ത്ര ഇടപെടലുകളില്‍ വിദേശകാര്യ മന്ത്രാലയവും ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യര്‍ഥനകളും വിദേശകാര്യ മന്ത്രാലയം വഴിയാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്.

ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാലി 2016-ലാണ് ഇന്ത്യ വിട്ടത്. യുപിഎ ഭരണകാലത്തെ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ അടുപ്പക്കാരനാണ് ഭണ്ഡാരി. ലണ്ടനിലും ദുബായിലുമായി സ്വത്തുക്കള്‍ സമ്പാദിച്ച ഭണ്ഡാരി, റോബര്‍ട്ട് വാധ്രയുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്ന സി.സി.തമ്പിയുടെ നിയന്ത്രണത്തിലുള്ള ഷെല്‍ കമ്പനികളിലേക്ക് ഇവ മാറ്റുകയും ചെയ്തിരുന്നു.

ഒന്നിലധികം പ്രതിരോധ ഇടപാടുകളില്‍ നിന്ന് ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് ഭണ്ഡാരിയ്ക്കു പുറമേ തമ്പി, വാധ്ര എന്നിവര്‍ക്കെതിരെയും ഇ.ഡി. അന്വേഷണം നടക്കുന്നുണ്ട്. ഭണ്ഡാരിയുടെ ഇന്ത്യയിലെ 26 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി. ഇതിനകം കണ്ടുകെട്ടുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേക കോടതി മല്യയെയും മോദിയെയും പോലെ ഭണ്ഡാരിയെയും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് നീരവ് മോദിയെ തിരയുന്നത്. വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചെന്നാണ് വിജയ് മല്യയ്‌ക്കെതിരായ കേസ്. മല്യയുടെ 5,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

Top