വാഷിങ്ടണ്‍: കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന് കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇതിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ മറികടന്നാണ് അമേരിക്കയുടെ ഈ തീരുമാനം ഉണ്ടായത്. ന്യൂസീലന്‍ഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്.
എന്നാല്‍ ജര്‍മനി, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിച്ചില്ല. അസാധാരണ കാലത്ത് അസാധാരണ നീക്കം സ്വീകരിക്കുന്നുവെന്നാണ് ഇതേ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. എന്നാല്‍ കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തുകളയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
താത്കാലികമായാണ് വാക്‌സിന്‍ പേറ്റന്റില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയുടെ മുന്‍പില്‍ വച്ചിരുന്നു. ഫൈസര്‍, മൊഡേണ എന്നീ കമ്പനികള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആ എതിര്‍പ്പിനെ മറികടന്നാണ് ഇത്തരത്തിലൊരു തീരുമാനം അമേരിക്ക കൈകൊണ്ടത്. അതേസമയം, ബൗദ്ധിക സ്വത്തവകാശത്തിനു എതിരാണെന്ന് ചൂണ്ടാകാണിച്ച് അമേരിക്കന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ഈ തീരുമാനത്തെ എതിര്‍ത്തു.