‘#മൂവ്2കേരള’ ; സംസ്ഥാനത്ത് ഐടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വേ തുടങ്ങി

തിരുവനന്തപുരം: ‘#മൂവ്2കേരള’ (#Move2Kerala) ക്യാംപെയ്ന്റെ ഭാഗമായി സംസ്ഥാനത്ത് ‘വര്‍ക്ക് നിയര്‍ ഹോം’ (വീടിനടുത്ത് ജോലി)യുടെ കോ-വര്‍ക്കിങ് സ്‌പേസസ് ആവശ്യകത വിലയിരുത്തുന്നതിനായി ഐടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വേ തുടങ്ങി.

ചെലവു ചുരുക്കാനും സമ്പര്‍ക്കം ഒഴിവാക്കാനും വേണ്ടി ഓഫിസുകള്‍ പങ്കുവയ്ക്കലും വീട്ടിലിരുന്നുള്ള ജോലിയും (വര്‍ക്ക് ഫ്രം ഹോം) ഐടി മേഖലയില്‍ പുതുപ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയു സ്ഥാപനങ്ങളുടെയും പ്രതീക്ഷ നിറവേറ്റാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കേരളത്തെ ആഗോള ഡിജിറ്റല്‍ ഹബാക്കാനും ലക്ഷ്യമിട്ട് ഐടി പാര്‍ക്കുകള്‍ മുന്നോട്ടുവരുന്നത്.

കമ്പനികളേയും നൈപുണ്യമുള്ള പ്രഫഷനലുകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് #മൂവ്2കേരള ക്യാംപെയ്ന്‍ ഊന്നല്‍ നല്‍കുന്നത്. പ്രവാസികള്‍ക്കു കേരളത്തിലേയ്ക്ക് മടങ്ങുന്നതിനും ഇതു പ്രോത്സാഹനമേകും. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ധനയും ബഹിരാകാശ സാങ്കേതികവിദ്യ, റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളും കോ-വര്‍ക്കിങ് സ്‌പേസുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ത്തും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയടക്കമുള്ള കേരളത്തിലെ ഐടി പാര്‍ക്കുകള്‍ നടത്തുന്ന സര്‍വേ https://bit.ly/2UB2Ezrഎന്ന ലിങ്കില്‍ ഓണ്‍ലൈനായി ലഭിക്കും. വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കുമുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിന് വെര്‍ച്വലും ഭൗതികവുമായ ‘വര്‍ക്ക് നിയര്‍ ഹോം’, കോ-വര്‍ക്കിങ് സ്‌പേസ് ശ്യംഖല രൂപീകരിക്കാന്‍ സംസ്ഥാനത്തിന് പദ്ധതിയുണ്ട്.

ഐടി മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ടെലികോണ്‍ഫറന്‍സില്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി മേഖലയിലുള്ളവര്‍ക്ക് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പു നല്‍കിയിരുന്നു. മനുഷ്യശേഷി സമാഹരിക്കുന്നതിനായി വര്‍ക്ക് ഷെയറിങ് ബെഞ്ചുകള്‍ കമ്പനികള്‍ക്ക് രൂപീകരിക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

Top