കോഴിക്കോട്: കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ എടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
‘സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റെയും അഭിപ്രായം. റോഡുകള്‍ നന്നാക്കുന്നതിനായി പല തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും ശരിയായ ഡ്രെയിനേജ് സംവിധാനം സംസ്ഥാനത്ത് വേണം. എന്നാലേ റോഡുകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. രണ്ടാമത്തെത് കാലാവസ്ഥയും ഒരു പ്രശ്നമാണ്. വിമര്‍ശനവും നിര്‍ദേശങ്ങളും ഏത് നിലയില്‍ നിന്നും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.