മിന്നല്‍ മുരളി’ സിനിമയ്ക്കു വേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ക്കപ്പെട്ടത് നിര്‍മ്മാതാവ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയതിരെ സോഫിയ പോള്‍.
സോഫിയ പോളിന്റെ നിര്‍മ്മാണക്കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുറത്തിറക്കിയ കുറിപ്പ്
ഞങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി സോഫിയ പോളിനെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയേയും വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പങ്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ എല്ലാവരും തന്നെ ഇപ്പോള്‍ കടന്നു പോകുന്നത്.
ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേവരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.
വ്യാജവാര്‍ത്ത നല്‍കിയ ആ ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഞങ്ങള്‍ നിയമപരമായി നീങ്ങുവാന്‍ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടര്‍ത്തുന്നതുമായ ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി ഷെയര്‍ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു. കുറ്റവാളികള്‍ക്ക് എതിരായ നിയമനടപടികള്‍ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.