വാഷിംഗ്ടൺ: കൗമാരപ്രായത്തിൽ താൻ പീഡനത്തിന് ഇരായായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഗായികയും നടിയുമായ ഡെമി ലൊവാറ്റോ. പീഡിപ്പിച്ച വ്യക്തിയുമായി വീണ്ടും തനിക്കു സഹകരിക്കേണ്ടി വന്നെന്നും എന്നാൽ അയാൾക്ക് ഒരിക്കലും അതേക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയില്ലെന്നും 2000ത്തിന് അവസാനമാണ് സംഭവം നടന്നതെന്നും ഡെമി പറഞ്ഞു. അതേസമയം, ആരാണ് തന്നെ പീഡിപ്പിച്ചതെന്ന് ഡെമി വെളിപ്പെടുത്തിയില്ല. ഡെമി ലൊവാറ്റോ ഡാൻസിംഗ് വിത് ദ് ഡെവിൾ എന്ന പേരിൽ യൂ ട്യൂബിൽ സംപ്രേഷണം ചെയ്യുന്ന ഡോക്യു സിരീസിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
28കാരിയായ ഗായിക മുൻപും മാനസിക സമ്മർദ്ദത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. കൗമാരത്തിലെ പീഡനത്തിനൊടുവിലാണ് എനിക്കു കന്യകാത്വം നഷ്ടപ്പെട്ടത്. ആ സംഭവത്തിന് ഒരു മാസത്തിനു ശേഷം ഞാൻ അയാളെ വിളിച്ചു. എന്നാൽ, ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു പ്രതികരണം. അതെന്നെ വീണ്ടും ആശങ്കയിലാഴ്ത്തി. അന്നത്തെ ദുരനുഭവം ഓർത്ത് പിന്നീട് പല തവണ ഞാനെന്റെ തലയിൽ അടിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിക്കാനും വളരെയേറെ ബുദ്ധിമുട്ടി. അതൊരു പീഡനം ആയിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു. ഡിസ്നി ചാനലുമായി ബന്ധപ്പെട്ട പരിപാടികൾക്കിടെയാണു കന്യകാത്വം നഷ്ടപ്പെട്ടത് – ഡെമി പറഞ്ഞു.
പരസ്പര സമ്മതത്തോടെയായിരുന്നു അന്നത്തെ അനുഭവം. എന്നാൽ, അതൊരു പീഡനമാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.ഞാൻ പൂർണമായും ശാരീരിക ബന്ധത്തിനു തയ്യാറായിരുന്നില്ല. പാടില്ലെന്ന് വിലക്കിയെങ്കിലും അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. പീഡനത്തിലൂടെ കന്യകാത്വം നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു. ആ മുറിയിൽ സ്വയം ശപിച്ച് ഞാൻ മണിക്കൂറുകൾ ചെലവഴിച്ചു -ഡെമി പറഞ്ഞു.ദുരനുഭവങ്ങൾ ഉണ്ടായവർ അതേക്കുറിച്ചു തുറന്നുപറയണം. എന്നാൽ മാത്രമേ അവർക്കു സ്വാതന്ത്ര്യവും സമാധാനവും ലഭിക്കൂ. അതിനുവേണ്ടിയാണ് ഞാൻ എന്റെ ജീവിതകഥ തുറന്നുപറയുന്നത്- ലൊവാറ്റോ വ്യക്തമാക്കി.