മീ ടൂ ആരോപണങ്ങളില്‍ ഗായിക ചിന്‍മയി ശ്രീപദ ആരോപണങ്ങളുയര്‍ത്തിയത് ഗായകന്‍ കാര്‍ത്തിക്കിനെതിരെയാണ്. കാര്‍ത്തിക്കിനെതിരെയുള്ള ലൈംഗികാരോപണം ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോള്‍ തമിഴ്നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിന്‍മയി.
കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും വ്യക്തമാക്കി. അതോടൊപ്പം സ്ത്രീകള്‍ക്ക് ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ വരെ കാര്‍ത്തിക് അയച്ചുവെന്ന് ചിന്‍മയി ആരോപിച്ചു.
മീ ടൂ ആരോപണത്തിന് ശേഷം കാര്‍ത്തികിനെ പിന്തുണച്ച് ഗായകന്‍ മനോയും രംഗത്തുവന്നിരുന്നു. ഇതിന് മനോയെയും വിമര്‍ശിച്ചിരിക്കുകയാണ് ചിന്‍മയി. മീ ടൂ കാമ്പയിന്റെ ഭാഗമായി ചിന്‍മയി പുറത്ത് വിട്ട പേരുകളില്‍ ഒന്ന് രാധാ രവിയുടേതായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്‍മയി ആരോപിച്ചു.
കാര്‍ത്തിക്കിനെ ഒരു ഗായകന്‍ എന്ന നിലയില്‍ ബഹുമാനിക്കുന്നുവെന്നും പക്ഷേ സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇത്രമാത്രം മറ്റുള്ളവരെ ഉപദ്രവിച്ചിട്ടും ഇയാളെ സംരക്ഷിക്കാനാണ് മനോ നീക്കം നടത്തുന്നതെന്ന് ചിന്‍മയി കൂട്ടിച്ചേര്‍ത്തു.