പവര്‍കട്ട്; എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

മര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ സ്ത്രീയുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍. സംസ്ഥാനത്തെ ഉജ്ജയിന്‍ ജില്ലയിലുള്ള നാഗ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദയനീയത വിളിച്ചോതുന്ന സംഭവം. ആശുപത്രിയില്‍ സംഘടിപ്പിച്ച വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ഇടെ പവര്‍കട്ട് വന്നതോടെയാണ് ഓപ്പറേഷന്‍ തീയേറ്ററിലെ വെളിച്ചസംവിധാനങ്ങള്‍ തടസ്സപ്പെട്ടത്.

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് സ്ത്രീക്ക് ഇഞ്ചക്ഷനുകള്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് ഓപ്പറേഷന് കയറ്റുന്നത്. ഇഞ്ചക്ഷന്‍ നല്‍കിയ സ്ഥിതിക്ക് ഓപ്പറേഷന്‍ തീര്‍ക്കാനായി നോക്കുമ്പോഴും വൈദ്യുതി തിരിച്ചെത്തിയില്ല. ഇതോടെയാണ് എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്ത് ഈ വെളിച്ചത്തില്‍ ഡോക്ടര്‍മാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ഒന്നര മണിക്കൂറോളം നേരമാണ് ഇവിടെ പവര്‍കട്ട് നിലനിന്നത്. ഈ സമയത്ത് പ്രവര്‍ത്തിപ്പിക്കേണ്ട ഇന്‍വേര്‍ട്ടറും, ജനററേറ്ററും പ്രവര്‍ത്തനരഹിതവുമായിരുന്നു. സംഭവത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്ഥാപനത്തിന് പലവിധ സംവിധാനങ്ങളുടെയും അഭാവമുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി തുള്‍സി ശിലാവത് പ്രതികരിച്ചു.

ഭരണകൂടം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി അവകാശപ്പെട്ടു. സംഭവം ഗുരുതരമാണ്. ഭാവിയില്‍ ഇത് നടക്കാതിരിക്കാന്‍ പരിശ്രമിക്കാം, മന്ത്രി പ്രതികരിച്ചു.

Top