ഭോപ്പാല്‍:ബീഫ് കൊണ്ടുപോകുകയാണെന്ന സംശയത്തില്‍ ദമ്പതികളെ ഗോരക്ഷ സമിതിയംഗങ്ങള്‍ ട്രെയിനില്‍ ആക്രമിച്ചു. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഖിര്‍ക്യ റയില്‍വേ സ്റ്റേഷനില്‍ ഇന്നലെയായിരുന്നു സംഭവം.
പശുവിറച്ചി ഉണ്ടോ എന്ന് അറിയാനെന്ന പേരില്‍ ബാഗ് പരിശോധിച്ച തീവ്ര ഹിന്ദുസംഘടനാപ്രവര്‍ത്തകരെ തടഞ്ഞ മുസ്ലീം ദമ്പതികള്‍ക്ക് നേരെയാണ് മദ്ധ്യപ്രദേശില്‍ അതിക്രമമുണ്ടായത്. ട്രെയിനിലാണ് സംഭവം. 43കാരനായ മുഹമ്മദ് ഹുസൈനും ഭാര്യ നസീമയുമാണ് (38) കുശിനഗര്‍ എക്‌സ്പ്രസില്‍ അക്രമത്തിനിരയായത്.
ബന്ധുവിനെ സന്ദര്‍ശിച്ച് ഹാര്‍ദയിലേയ്ക്ക് പോവുകയായിരുന്നു ഇവര്‍. ഖിര്‍ക്കിയ സ്റ്റേഷനില്‍ വച്ച് ഗോരക്ഷാസമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍, ഇവര്‍ സഞ്ചരിച്ചിരുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കയറി. ബാഗ് പരിശോധിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഹുസൈനും നസീമയും തടഞ്ഞു. നസീമയെ ഗോരക്ഷാസമിതിക്കാര്‍ പിടിച്ച് തള്ളി. ഇവരുടേതല്ലാത്ത മറ്റൊരു ബാഗില്‍ പാത്രത്തില്‍ ഇറച്ചിയുണ്ടായിരുന്നു.
ഇത് കണ്ട ഗോരക്ഷാസമിതിക്കാര്‍ ബാഗ് പ്ലാറ്റ്‌ഫോമിലേയ്ക്ക് വലിച്ചെറിഞ്ഞു, ഭാര്യയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ഹുസൈനെയും ഇവര്‍ വെറുതെ വിട്ടില്ല. എരുമ ഇറച്ചിയാണ് പാത്രത്തിലുണ്ടായിരുന്നത്. ഹുസൈന്‍ സ്റ്റേഷന് അടുത്ത് താമസിയ്ക്കുന്ന ബന്ധുക്കളേയും പൊലീസിനേയും വിവരമറിയിച്ചു. ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ എത്തിയ ശേഷമാണ് ഗോരക്ഷാ സമിതിക്കാരുടെ അക്രമം അവസാനിച്ചത്. രണ്ട് ഗോരക്ഷാസമിതിക്കാരെ അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കണ്ടെടുത്ത മാംസം തങ്ങളുടേതല്ലായിരുന്നുവെന്ന് മുഹമ്മദ് ഹുസൈന്‍ അറിയിച്ചു. ഞങ്ങള്‍ ആട്ടിറച്ചിയെ കഴിക്കുകയുള്ളൂ. ഞങ്ങള്‍ ഇന്ത്യയിലാണ് കഴിയുന്നത്. എന്താണ് ശരിയെന്നും തെറ്റെന്നും ഞങ്ങള്‍ക്ക് അറിയാം. അവര്‍ എന്റെ ഭാര്യയെയും മര്‍ദിച്ചു. ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് ഞങ്ങളെ രക്ഷപെടുത്തിയത്, മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.