‘വിശ്വാസത്തിന് എല്ലാവര്‍ക്കും പൂര്‍ണ അധികാരമുണ്ട്, ഈ ചടങ്ങ് ഒരു രാഷ്ട്രീയ വേദി കൂടിയാണ്’: ശശി തരൂര്‍

ഡല്‍ഹി: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതാണെന്ന് ശശി തരൂര്‍ എംപി. വിശ്വാസത്തിന് എല്ലാവര്‍ക്കും പൂര്‍ണ അധികാരമുണ്ടെന്നും ഈ ചടങ്ങ് ഒരു രാഷ്ട്രീയ വേദി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരം വരുമ്പോള്‍ താന്‍ പോകും. ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്. വിശ്വാസങ്ങള്‍ സ്വകാര്യ വിഷയമാണ്. നാളെ ആശുപത്രികള്‍ അടയ്ക്കും എന്നാണ് കേട്ടത്. സര്‍ക്കാരിന് ജനങ്ങളെക്കുറിച്ച് ചിന്ത വേണം. ഇത് ചെയ്യരുത് എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ശശി തരൂര്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ച് ആരും വിമര്‍ശനം ഉന്നയിച്ചതായി കേട്ടില്ല. വിശ്വാസത്തെക്കുറിച്ചോ ക്ഷേത്രത്തെക്കുറിച്ചോ ഒന്നും തന്നെ കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ ഇല്ല. ഇതൊരു രാഷ്ട്രീയ ചടങ്ങാണ് എന്നതിനെക്കുറിച്ചാണ് ഉള്ളത്. ബിജെപിയുടെ ഉദ്ദേശം എപ്പോഴും രാഷ്ട്രീയമാണ്. അയോധ്യ ചടങ്ങ് കഴിഞ്ഞ ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് പറഞ്ഞ് നടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മറ്റൊന്നും പറയാനില്ല. ദേശസുരക്ഷയെക്കുറിച്ച് പറഞ്ഞാല്‍ ചൈനയെക്കുറിച്ച് ചോദ്യം വരും’, അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുമെന്നും അവസാന തീരുമാനം പാര്‍ട്ടിയുടേതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Top