ന്യൂഡല്‍ഹി: പാവപ്പെട്ടവരെ പിഴിയുന്ന ആശുപത്രികളെ നിയന്ത്രിക്കണമെന്ന് നടനും എം.പിയുമായ ഇന്നസെന്റ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചികിത്സയുടെ പേരില്‍ ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രസംഗം.
ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണ്. അല്ലാതെ വല്ലവന്റെ അടുക്കളയില്‍ എന്തുണ്ടാക്കുന്നു, എന്തു ഭക്ഷണം കഴിക്കുന്നു എന്നു നോക്കാനല്ല.
മരുന്നുകളുടെ പേരില്‍ വില പേശലാണ് നടക്കുന്നത്. തുണിക്കച്ചവടം നടക്കുന്നത് പോലെയാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. കച്ചവടം നടത്തുന്നത് പോലെ രോഗികളെ മുന്‍കൂട്ടി കയറ്റുകയാണ് ആശുപത്രികള്‍ ചെയ്യുന്നതെന്നും ഇന്നസന്റ് ചൂണ്ടിക്കാണിച്ചു.
ഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരുടെമേല്‍ നടത്തുന്ന ചൂഷണം നിര്‍ത്തണം. മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരമുണ്ടോയെന്ന് ഉറപ്പുവരുത്തണം. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വില ഇടാക്കുന്നു. എല്ലാവര്‍ക്കും ആവശ്യമായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
മരുന്ന് കമ്പനികളും പരിശോധനാ ലാബുകളുമാണ് ആശുപത്രികളെ നിയന്ത്രിക്കുന്നത്. ഒരു മാസം ഇത്ര ഹൃദയ ശസ്ത്രിക്രിയ വേണം, ഇത്ര സ്റ്റെന്‍ഡ് ഇടണം, ഇത്ര അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് നടത്തണം എന്നൊക്കെ നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകളും കുത്തക കമ്പനികളും ചേര്‍ന്നാണ്. സ്റ്റെന്‍ഡിനൊക്കെ എന്താണ് വിലയെന്ന് അറിയുമോ? എന്നും ഇന്നസെന്റ് ചോദിച്ചു.
ക്യാന്‍സറില്‍ നിന്നും പൂര്‍ണമായും മുക്തനായെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഇന്നസെന്റിന്റെ ശക്തമായ അഭിപ്രായ പ്രകടനം