ഡല്‍ഹി: സസ്പെന്‍ഷനിലായ എം.പിമാര്‍, സസ്പെന്‍ഷന്‍ കാലയളവില്‍ പാര്‍ലമെന്റ് ചേംബറിലോ ലോബിയിലോ ഗാലറികളിലോ പ്രവേശിക്കരുതെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്.
ഇക്കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി 141 എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ 95 പേര്‍ ലോക്സഭാംഗങ്ങളും 46 പേര്‍ രാജ്യസഭാംഗങ്ങളുമാണ്.
സസ്പെന്‍ഷനിലായ എം.പിമാര്‍ക്ക്, അവര്‍ അംഗങ്ങളായ പാര്‍ലമെന്ററി സമിതികളുടെ യോഗങ്ങളിലും പങ്കെടുക്കാനാകില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സസ്പെന്‍ഷന്‍ കാലയളവില്‍ എം.പിമാര്‍ കൊണ്ടുവരുന്ന നോട്ടീസുകളും അംഗീകരിക്കില്ല.
സസ്പെന്‍ഷന്‍ കാലയളവില്‍ രൂപവത്കരിക്കപ്പെടുന്ന പാര്‍ലമെന്ററി സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനുമാകില്ല. കൂടാതെ സസ്പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സും ലഭിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് ഇരുസഭകളിലെയും 141 എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനെതിരേ 22-ാം തീയതി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചിട്ടുണ്ട്.