ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയാണെന്ന് കേന്ദ്ര സാംസ്‌കാരികവകുപ്പ് മന്ത്രി മഹേഷ് ശര്‍മ.
രാഷ്ട്രപിതാവിനെപ്പോലെ വിവിധ തലമുറകളെ സ്വാധീനിച്ച വ്യക്തിയാണ് മോദിയെന്നും ശര്‍മ പറഞ്ഞു.
ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈ.പി. ആനന്ദ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
ഇന്ന് നമുക്കിടയില്‍ പ്രധാനമന്ത്രിയുടെ രൂപത്തില്‍ നമ്മളില്‍ പ്രചോദനം ചെലുത്തുന്ന മറ്റൊരു ഗാന്ധിജിയുണ്ട്. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹമെന്നത് ഒരുനുള്ള് ഉപ്പിന്റെ മാത്രം കാര്യമല്ല, മറിച്ച് അത് തലമുറകള്‍ക്ക് പ്രചോദനം നല്‍കിയ സംഭവമായിരുന്നു. ഇതേ വഴിതന്നെയാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് മോദിയുടെ സ്വപ്നമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.