അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിന് എതിരെയാണ് ധോണി ആദ്യ മത്സരത്തിന് ഇറങ്ങിയത്. അന്നുമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനെന്ന പദവിയും കൂള്‍ ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന ധോണിക്കൊപ്പമാണ്.
വിക്കറ്റ്കീപ്പിംഗിലെ മാസ്മരികതയും, ബാറ്റിംഗിലെ വെടിക്കെട്ടുകളും ചേര്‍ന്നാണ് എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ഉയരങ്ങള്‍ സമ്മാനിച്ചത്. എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ ധോണിയുടെ തുടക്കം മികച്ചതായിരുന്നില്ല. ബംഗ്ലാദേശിന് എതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ റണ്‍ഔട്ടായി അദ്ദേഹം പുറത്തായി. എന്നാല്‍ അവിടംകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല.
കഠിനമായി അധ്വാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത് ധോണിയുടെ നേതൃത്വത്തിലാണ്. നുവാന്‍ കുലശേഖരയെ സിക്‌സിന് പറത്തിയാണ് അദ്ദേഹം കാര്യങ്ങള്‍ അവസാനിപ്പിച്ചത്. ക്രിക്കറ്റില്‍ ഇതിഹാസമായിരുന്നിട്ടും ഒരു ലോകകപ്പ് പോലും സ്വന്തം പേരില്‍ കുറിയ്ക്കാന്‍ കഴിയാതിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സ്വപ്നവും അവിടെ പൂവണിഞ്ഞു.
ഐസിസി 50 ഓവര്‍ ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങള്‍ സമ്മാനിച്ച ഏക അന്താരാഷ്ട്ര ക്യാപ്റ്റനും ധോണി തന്നെ. 2019 ലോകകപ്പ് സെമിയില്‍ പുറത്തായ ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും ലീവെടുത്ത് പുറത്തായിരുന്നു. അടുത്ത ടി20 ലോകകപ്പില്‍ താരം ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.