മുംബൈ: ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ നിന്ന് കരിയറിലാദ്യമായി മുന്‍ നായകന്‍ എം.എസ്. ധോണി പുറത്ത്. വിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരയില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതോടെയാണ് വിശ്വ വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച താരം പുറത്തായത്. വിക്കറ്റ് കീപ്പറായി പന്തിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തമിഴ്‌നാടിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇരു പരമ്പരകള്‍ക്കുമുള്ള ടീമിലുണ്ട്.
ഭാവി കണക്കിലെടുത്താണ് തീരുമാനമെന്നാണ് ധോണിയുടെ പുറത്താകലിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് വിശദീകരിച്ചത്. വിക്കറ്റിനു പിന്നില്‍ ധോണിക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു പരമ്പരകളിലും അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ കാരണമെന്ന് പ്രസാദ് വിശദീകരിച്ചു. എങ്കിലും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ധോണിയെ ടീമില്‍നിന്ന് പുറത്തിരുത്തിയത് സിലക്ടര്‍മാരുടെ മാറുന്ന ചിന്തയുടെ സൂചനയായി കാണാമെന്നാണ് വിദഗ്ധ മതം
വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശര്‍മയാകും വിന്‍ഡീസിനെതിരെ ഇന്ത്യയെ നയിക്കുക. അതേസമയം, ഓസീസിനെതിരായ പരമ്പരയില്‍ കൊഹ്‌ലി തിരിച്ചെത്തും.
അതിനിടെ, വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളിലേക്ക് കേദാര്‍ ജാദവിനെ പരിഗണിക്കാത്തത് വിവാദമായതിനു പിന്നാലെ, നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും സിലക്ടര്‍മാര്‍ തീരുമാനിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ്കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാസ് നദിം. (ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ നയിക്കാന്‍ വിരാട് കോഹ്!ലി തിരിച്ചെത്തുമ്പോള്‍, സ്പിന്നര്‍ ഷഹബാസ് നദിം പുറത്താകും).