ബെംഗളൂരു: അടുത്ത ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ താനുണ്ടാകുമെന്ന് സൂചിപ്പിച്ച് എം എസ് ധോണി. ബെംഗളൂരുവില്‍ ഒരു പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കവെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കവെ ആണ് താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിച്ചിരിക്കുന്നതെന്ന് ധോണി വ്യക്തമാക്കിയത്.
സാഹചര്യങ്ങള്‍ നോക്കിയാല്‍ ഇപ്പോഴാണ് വിരമിക്കാന്‍ പറ്റിയ സമയം. അതാണ് ഏറ്റവും എളുപ്പമുള്ള കാര്യവും. പക്ഷെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ എനിക്ക് നല്‍കുന്ന സ്‌നേഹം കാണുമ്പോള്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ സീസണുകളില്‍ കളിക്കുക എന്നതാണ് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനനം-ധോണി പറഞ്ഞു.കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കിനെ അവഗണിച്ച് ക്യാപ്റ്റനായി ഇറങ്ങിയ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു. ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലില്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കാല്‍ മുട്ടിലെ പരിക്കുമൂലം പല മത്സരങ്ങളിലും ധോണി ഏഴാമനായാണ് ബാറ്റിംഗിനിറങ്ങിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്ക് കിരിടം സമ്മാനിച്ചശേഷം കാല്‍മുട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ 42കാരനായ ധോണി അടുത്ത സീസണില്‍ കളിക്കാനിറങ്ങുമോ എന്ന ആശങ്കയിലായിരുന്നു ചെന്നൈ ആരാധകര്‍. എന്നാല്‍ ആരാധകരുടെ ആശങ്കകകളെ ബൗണ്ടറി കടത്തുന്ന മറുപടികളാണ് ധോണി കഴിഞ്ഞ ദിവസം നല്‍കിയത്. കാല്‍മുട്ടിലെ പരിക്ക് നവംബറോടെ പൂര്‍ണമായും ഭേദമാകുമെന്നും തനിക്കിപ്പോള്‍ വേദനയൊന്നുമില്ലെന്നും ധോണി പറഞ്ഞു. കരിയറില്‍ ഒരിക്കലും മഹാനായ ക്രിക്കറ്റ് താരമായി മാറാനായിരുന്നില്ല തന്റെ ശ്രമമമെന്നും നല്ലൊരു മനുഷ്യനാകാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും അത് ജീവിതാവസാനം വരെ തുടര്‍ന്നുകൊണ്ടേ ഇരിക്കേണ്ട പ്രവര്‍ത്തിയാണെന്നും ധോണി പറഞ്ഞു.