എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്

മലപ്പുറം: മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരെ സിവില്‍ സ്റ്റേഷനിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, സെക്രട്ടറി വി.എ.അബ്ദുല്‍ വഹാബ് ഉള്‍പ്പടെ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

ചൊവ്വാഴ്ച രാവിലെ 11.30ന് കലക്ടറുടെ വസതിക്കു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ കവാടത്തിനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ചിലര്‍ ബാരിക്കേഡിനു മുകളില്‍ കയറിനിന്ന് കൊടിവീശി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

പിന്നാലെ നടന്ന യോഗം പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. ഹരിത നേതാക്കള്‍ ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗം അവസാനിച്ച ശേഷമാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

Top