സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ആജീവനാന്തം ജയിലിലിടാനാണ് സര്‍ക്കാര്‍ നീക്കം ; എം.ടി രമേശ്

mtramesh

കൊച്ചി: കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ആജീവനാന്തം ജയിലിലിടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

സുരേന്ദ്രനെ നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഡാലോചന നടക്കുന്നുണ്ട്. വൈരാഗ്യത്തിന്റെ പേരില്‍ സുരേന്ദ്രനെ വേട്ടയാടാന്‍ അനുവദിക്കില്ല. സുരേന്ദ്രനെ രാഷ്ട്രീയപരമായി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള ശ്രമം രാഷ്ട്രീയപരമായും നിയമപരമായും ബി.ജെ.പി നേരിടുമെന്നും എം.ടി രമേശ് അറിയിച്ചു.

സുരേന്ദ്രനെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകളിലെ കുടുക്കുകയാണ്. ആദ്യത്തെ കള്ളക്കേസില്‍ ജാമ്യം കിട്ടുമെന്നായപ്പോള്‍ അടുത്ത കള്ളക്കേസ്. ചിത്തിര ആട്ടവിശേഷ ദിവസം നടന്നുവെന്ന് പറയുന്ന സംഭവങ്ങളില്‍ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ കേസാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്‍ ഈ കേസില്‍ പ്രതിയായിരുന്നുവെങ്കില്‍ അദ്ദേഹം അടക്കമുള്ള കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടിയിരുന്നത്. സുരേന്ദ്രനെ കണ്ടാലറിയാത്ത പൊലീസുകാര്‍ കേരളത്തില്‍ ഇല്ല. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമം നടന്ന നടപടിയാണ്. ഇത് ശബരിമല വിഷയത്തില്‍ ഇറങ്ങിയതിന് നല്‍കിയതാണ്. സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെങ്കില്‍ അത് വെല്ലുവിളിയായി തന്നെ പാര്‍ട്ടി ഏടുക്കുമെന്നും എ.ടി. രമേശ് വ്യക്തമാക്കി.

Top