പ്രതികളെ സംരക്ഷിക്കുന്ന ജനപ്രതിനിധികളായ നടന്‍മാര്‍ രാജിവയ്ക്കണം: എം.ടി രമേശ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന ജനപ്രതിനിധികളായ നടന്മാര്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

ഇന്നസെന്റും മുകേഷും ഗണേഷും പൊതുസമൂഹത്തിന്റെ വോട്ടു നേടി ജനപ്രതിനിധികളായവരാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മികമായും ഇവര്‍ക്ക് ബാധ്യതയുണ്ട്.

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ അവഹേളിക്കാനാണ് ഇവര്‍ തയാറായത്. അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറാനും ഇവര്‍ തയാറായി.

ആക്രമണ കേസുമായി ഇവര്‍ക്ക് പങ്കുള്ളതാണോ ഈ ഉറഞ്ഞു തുള്ളലിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും എംടി രമേശ് പറഞ്ഞു.

നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും, മുകേഷും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ മുകേഷ് നടത്തിയ പ്രകടനം.

പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറുമായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാന്‍.

സ്ത്രീ സുരക്ഷയ്ക്ക് എതിരായാണ് ഈ മൂന്ന് നടന്മാരും നിലപാട് എടുത്തത്. അതിനാല്‍ ഇവര്‍ ഉടന്‍ രാജിവയ്ക്കണം.

നടന്മാരുടെ മേലങ്കി അണിഞ്ഞ ജനപ്രതിനിധികളായ ഈ താരങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വോട്ടുകള്‍ വാങ്ങിയാണ് എംഎല്‍എമാരും എം.പിമാരുമായത്.

ഇവര്‍ രാജിവച്ചില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും രമേശ് വ്യക്തമാക്കി.

നടന്മാരായ ദിലീപിനെയും നാദിര്‍ഷയേയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. നടിയെ ആക്രമിക്കുന്ന സമയം ദേശീയപാതയില്‍ വാഹനപരിശോധന ഒഴിവാക്കിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു.

Top