തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപ്പറ്റിയും ക്രമസമാധാന നിലയുടെ തകര്‍ച്ചയെപ്പറ്റിയും പറയാന്‍ മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
ആര്‍എസ്എസിനെ വിമര്‍ശിക്കാന്‍ ധാരാളം പൊതുവേദികള്‍ ഉണ്ടെന്നിരിക്കെ അതിന് നിയമസഭയെ ഉപയോഗിച്ചത് തരംതാണ നടപടിയാണ്.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. പിണറായി ഭരണത്തില്‍ കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന റിപ്പോര്‍ട്ടില്‍ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനെ കാലില്ലാത്തവരോട് ഉപമിച്ച മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയെപ്പറ്റി ഒന്ന് ആലോചിക്കണം. ഒന്ന് ഇഴയാന്‍ പോലും കെല്‍പ്പില്ലാത്ത പ്രസ്ഥാനത്തിന്റെ നേതാവാണ് താനെന്ന് പിണറായി മനസ്സിലാക്കണം. ഏത് നിമിഷവും ചിതയിലേക്ക് എടുക്കാവുന്ന അവസ്ഥയാണ് പിണറായിയുടെ പാര്‍ട്ടിക്ക്.
കഴിഞ്ഞ 90 വര്‍ഷമായി ഇരു കാലിലും നിവര്‍ന്ന് നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചത്. അതേ കാലയളവില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയ സിപിഎമ്മിന്റെ അവസ്ഥ ഇങ്ങനെയായത് എന്തുകൊണ്ടാണെന്ന് വിലയിരുത്താന്‍ തയ്യാറാകണം. ആരെയും ഭീഷണിപ്പെടുത്തുന്ന രീതി ആര്‍എസ്എസിനില്ല. പേടിയില്ലാത്തവര്‍ എന്തിനാണ് നിയമസഭയില്‍ ഉള്‍പ്പെടെ വിലപിക്കുന്നതെന്നും എംടി രമേശ് ആരോപിച്ചു.