ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്‌നമാണ് എം ടി പറഞ്ഞത് ; സാറാ ജോസഫ്

തൃശ്ശൂര്‍: കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍ നായരുടെ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരിച്ച് സാഹിത്യകാരി സാറാ ജോസഫ്. ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്‌നമാണ് എം ടി പറഞ്ഞത്. അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് നടക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടി എന്നത് കൃത്യമായ നിരീക്ഷണമാണ്. ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ എന്നു പറഞ്ഞ് അതിനെ ചെറുതാക്കരുതെന്ന് സാറാ ജോസഫ് പറഞ്ഞു. 141 കോടി ജനങ്ങള്‍ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് കീഴിലാണ്. ഭരണകൂടങ്ങള്‍ക്ക് മീതെ നില്‍ക്കുന്നയാളാണ് എം ടി. ഇന്ത്യയിലുടനീളം ഭരിക്കുന്ന എല്ലാ മുഖ്യമന്ത്രിമാര്‍ക്കും മോദിക്കും ആത്മവിമര്‍ശനത്തിന് ആ പ്രസംഗം ഉപയോഗിക്കാം. അത് വേദിയിലിരുന്ന പിണറായിക്ക് വേണ്ടി മാത്രമല്ലെന്ന് സാറാ ജോസഫ് പറഞ്ഞു. അകത്തുള്ള കെടുതികള്‍ കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തകരുന്നതെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.

സഹികെട്ടിട്ട് നടത്തിയ ഒരു പ്രസംഗമാണിത്. ഇന്നത്തെ ജനാധിപത്യ രാഷ്ട്രീയ സാഹചര്യമാണ് എം ടിയെക്കൊണ്ട് അത്തരമൊരു പ്രതികരണം നടത്തിച്ചത്. തന്നെപ്പോലുള്ളവരുടെ നീണ്ട നെടുവീര്‍പ്പായിരുന്നു എം ടിയുടെ പ്രസംഗം എന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഭരണകൂടത്തോടോ പ്രത്യേകതരം ഭരണാധികാരിയോടോ അല്ല എം ടി സംസാരിച്ചത്. ജനങ്ങളോടുള്ള ആഹ്വാനമാണത്. ജനങ്ങളുടെ ഉത്തരവാദിത്തമാണ് ജനാധിപത്യ സംരക്ഷണം. അത് തിരിച്ചറിയണം എന്നാണ് എം ടി പറഞ്ഞതെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലായിരുന്നു എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനം. നേതൃപൂജകളില്‍ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവര്‍ അത് ഉള്‍ക്കൊള്ളണം. അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നടത്തിയ ജനാവലി ആള്‍ക്കൂട്ടം ആയി മാറുന്നു. ഈ ആള്‍ക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമര്‍ശനവും എം ടി ഉന്നയിച്ചിരുന്നു.

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും കെ എല്‍ എഫ് ഉദ്ഘാടന വേദിയില്‍ എം ടി ചൂണ്ടിക്കാണിച്ചു. ‘ഇ എം എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി, അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല, അതാണ് ഇഎംഎസിനെ മഹാനായ നേതാവ് ആക്കിയത്. നേതൃപൂജകളില്‍ അദ്ദേഹത്തെ കാണാത്തതിന് കാരണവും അതുതന്നെ. നേതാവ് ഒരു നിമിത്തം അല്ല ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധികാരത്തില്‍ ഉളളവര്‍ തിരിച്ചറിയണം,’ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

Top