കൊച്ചി : രണ്ടാമൂഴം’ നോവല്‍ സിനിമയാക്കുന്നതിനുള്ള കരാര്‍, സംവിധായകന്‍ വിഎ ശ്രീകുമാര്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നോവലിന്റെ സ്രഷ്ടാവ് എംടി വാസുദേവന്‍ നായര്‍ കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസില്‍ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി.
കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ശ്രീകുമാറിന്റെ ആവശ്യം മുന്‍സിഫ് കോടതിയും കോഴിക്കോട് ജില്ലാ കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
രണ്ടാമൂഴം സിനിമയാക്കാനായി എംടിയും ശ്രീകുമാറും 2014ലാണ് കരാറൊപ്പിട്ടത്. കരാര്‍ ഒപ്പിട്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല.
3 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് എം.ടി രംഗത്തെത്തിയത്.