കോഴിക്കോട് : രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും. തിരക്കഥ ഉപയോഗിച്ചു ചിത്രീകരണം തുടങ്ങുന്നതില്‍ നിന്ന് സംവിധായകനെയും നിര്‍മാണ കമ്പനിയെയും കോടതി വിലക്കിയിരുന്നു.
കേസില്‍ മധ്യസ്ഥനെ വേണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എം ടി തയ്യാറായില്ല. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആവശ്യം.