എം ടിയുടെ ‘ഓളവും തീരവും’; ഡബ്ബിംഗ് ആരംഭിച്ചു

എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമാണ് ‘ഓളവും തീരവും’. എംടി- പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ എംടിയുടെ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളാണെങ്കില്‍ ‘ഓളവും തീരവും’ എംടിയുടെ തിരക്കഥയില്‍ ഇതേ പേരില്‍ മുന്‍പ് എത്തിയ ചിത്രത്തിന്‍റെ റീമേക്ക് ആണ്. എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത് 1960ല്‍ പുറത്തെത്തിയ ചിത്രമാണ് റീമേക്ക് ചെയ്യപ്പെടുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുര്‍ഗ കൃഷ്ണയാണ് ഈ അപ്ഡേഷന്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സന്തോഷ് ശിവനാണ്.

അതേസമയം ഈ ആന്തോളജിയില്‍ മറ്റൊരു ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്. ‘ശിലാലിഖിതം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ബിജു മേനോന്‍ ആണ് ഇതിലെ നായകന്‍. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.

‘ഷെര്‍ലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അഭയം തേടി’ എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കാഴ്ച’ എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയ’ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്‍റെ ‘കടല്‍ക്കാറ്റി’ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അശ്വതി സംവിധാനം ചെയ്യുന്ന വില്‍പ്പനയില്‍ ആസിഫ് അലിയും മധുബാലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top