മോദിസര്‍ക്കാരിന്റെ സാമ്പത്തിക സംവരണം തലതിരിഞ്ഞ ചിന്തയെന്ന് അമര്‍ത്യാസെന്‍

കൊല്‍ക്കത്ത:കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിന് നേരെ വിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാ സെന്‍. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മുന്നോക്ക വിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നത് തലതിരിഞ്ഞ ആശയമാണ്. ഇതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആഘാതം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയരും.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞുവെങ്കിലും അത് തൊഴിലവസരങ്ങളായും, ദാരിദ്ര്യനിര്‍മ്മാര്‍ജനമായും ആരോഗ്യമേഖലയുടെ വളര്‍ച്ചയായും പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല.

രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം സംവരണം അനുവദിക്കാനാണ് ശ്രമമെങ്കില്‍ അത് സംവരണം എന്ന ആശയത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഇതൊരു കുഴഞ്ഞുമറിഞ്ഞ ആശയമാണ്”- അമര്‍ത്യാ സെന്‍ വ്യക്തമാക്കി.

ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനറല്‍ വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം.

Top