കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. നാദാപുരം വെള്ളൂര്‍ സ്വദേശികളായ ജിതേഷ്, ഷാജി എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴി കാണിച്ചുകൊടുത്തത് ഇവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം (22) വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.
ആക്രണത്തില്‍ ഗുരുതര മുറിവേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ആകെ 70 വെട്ടുകളടക്കം 76 മുറിവുകളാണ് അസ് ലമിന്റെ ശരീരത്തിലുണ്ടായിരുന്നത്. മുഖത്തേറ്റ 13 വെട്ടുകളാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.